Tuesday, May 11, 2010

ഐ.പി. എല്ലും കേരളവും....

ക്രിക്കറ്റിനെ ആരാധിക്കുന്ന എല്ലാ മലയാളികളും ഏറെ സന്തോഷിച്ച സമയമായിരുന്നു കേരളാ ടീമിന്‌ ഐ.പി.എല്‍ ടൂര്‍ണമെണ്റ്റില്‍ ഒരു സ്ഥാനം ലഭിച്ചപ്പോള്‍. എന്നാല്‍ ദേശീയാടിസ്ഥാനത്തില്‍ വിവാദമാവുകയും ശശി തരൂരിണ്റ്റെ കേന്ദ്രമന്ത്രി സ്ഥാനവും , ലളിത്‌ മോഡിയുടെ ചെയര്‍മാന്‍ സ്ഥാനവും നഷ്ടമാവാന്‍ നിമിത്തവുമായ ഒരു വിഷയമായി പിന്നീട്‌ അത്‌ വളര്‍ന്നു. പണം വിതച്ച്‌ പണം കൊയ്യുക എങ്ങിനെയെന്ന്‌ ഐ.പി.എല്ലിലൂടെ ലളിത്‌ മോഡി ലോകത്തിന്‌ കാട്ടിക്കൊടുത്തു. വന്‍ അഴിമതികള്‍ ഇതില്‍ നടന്നിട്ടുണ്ടെന്ന്‌ നമുക്ക്‌ മാധ്യമങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌ .അഴിമതികള്‍ കൂടെപ്പിറപ്പായ ഇന്ത്യയില്‍ ഇതിനുമാത്രം എന്തിനാണൊരു ഒഴിവ്‌... !!!!
ഇരുപത്‌ ഓവര്‍ വീതമുള്ള ഐ.പി.എല്‍ എന്ന ക്രിക്കറ്റ്‌ ടൂര്‍ണമെണ്റ്റ്‌ വളരെപ്പെട്ടന്നാണ്‌ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിയത്‌. ഒരു ദിവസം മുഴുവനോ അല്ലെങ്കില്‍ അഞ്ചു ദിവസമോ ഉണ്ടായിരുന്ന കളി നാനോ രൂപത്തിലാക്കി വെറും 4 മണിക്കൂറ്‍ കൊണ്ട്‌ അവസാനിക്കുമ്പോള്‍ അത്‌ തെല്ലൊന്നുമല്ല ആരാധകരെ സന്തോഷിപ്പിച്ചത്‌.

കേരളത്തെ സംബന്ധിച്ചേടത്തോളം ഈ ടൂര്‍ണമെണ്റ്റ്‌ കൊണ്ട്‌ ചിലപ്പോള്‍ നേട്ടമുണ്ടായേക്കാം. സ്പോര്‍ട്സിനാവശ്യമുള്ള സ്ഥല സൌകര്യത്തിണ്റ്റെ കാര്യത്തില്‍ കേരളം മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വളരെ പിന്നിലാണ്‌. ഇന്ന്‌ കേരളത്തില്‍ ദേശീയ ഗുണനിലവാരമുള്ള പറയത്തക്ക ഒരു സ്റ്റേഡിയം പോലുമില്ല എന്നുള്ളതാണ്‌ വസ്തുത. ആകെയുള്ളത്‌ കൊച്ചിയിലുള്ളതും അത്‌ കഴിഞ്ഞാല്‍ കോഴിക്കോട്‌ കോര്‍പറേഷണ്റ്റെ കീഴിലുള്ള ഫുട്ബാള്‍ സ്റ്റേഡിയവും , തലശ്ശേരിയിലുള്ള ക്രിക്കറ്റ്‌ സ്റ്റേഡിയവുമാണ്‌. ഇന്നത്തെ സാഹചര്യത്തില്‍ ഒരു കളി കളിക്കന്‍ പോലും സാധ്യമല്ല ഇവിടങ്ങളില്‍ വെച്ച്‌. ഐ.പി.എല്ലില്‍ പങ്കെടുക്കുന്ന ഒരു ടീമിന്‌ 9 ഹോംഗ്രൌണ്ട്‌ മാച്ചുകളാണുള്ളത്‌. കേരളത്തിന്‌ നല്ല ഗ്രൌണ്ട്‌ ഇല്ലാത്തതിനാല്‍ കളികള്‍ മുഴുവനും കേരളത്തിന്‌ പുറത്ത്‌ വെച്ചായിരിക്കും നടക്കുക. ഈ സാഹചര്യം ഒഴിവാക്കാന്‍ കേരളത്തിന്‌ അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാന്‍ അനുവാദവും പണവും ബി.സി.സി.ഐ നല്‍കും. ഇത്‌ മൂലം ക്രിക്കറ്റിതര കളികള്‍ക്കും സഹായവും പ്രോത്സാഹനവും ലഭിക്കും. കൂടാതെ ടൂറിസം മേഖലയിലും ഉണര്‍വ്വ്‌ ലഭിക്കാന്‍ ഐ.പി.എല്ലിനെക്കൊണ്ട്‌ ആവും. ബുദ്ധിജീവികളുടെ വിളനിലമായ കേരളത്തില്‍ വിമര്‍ശനങ്ങള്‍ തൊഴിലാക്കിയവര്‍ ഒരുപാടുണ്ട്‌. കേരളത്തിനു വേണ്ടി ഒരുപകാരവും ചെയ്യാത്ത ഇവര്‍ എല്ലാത്തിണ്റ്റേയും നല്ല വശം കൂടി മനസ്സിലാക്കണം. എങ്ങിനെയായാലും ഐ.പി.എല്‍ നിമിത്തം ഒരുപാട്‌ പരാധീനതകളുള്ള കേരളാക്രിക്കറ്റിന്‌ പച്ചപിടിക്കാന്‍ ഒരവസരവുമാകും.........

Wednesday, April 21, 2010

ഇസ്‌ലാമിക്‌ എകണോമിക്സ്‌ അഥവാ ഇസ്‌ലാമിക്‌ ബാങ്കിംഗ്‌...

രുപത്തൊന്നാം നൂറ്റാണ്ടില്‍ ഇസ്‌ലാമിനെക്കുറിച്ച്‌ ലോക സമൂഹം ഏറെ ചര്‍ച്ച ചെയ്തത്‌ അതിണ്റ്റെ സാമ്പത്തിക കാഴ്ചപ്പാടിനെക്കുറിച്ചായിരുന്നു. ലോക സാമ്പത്തിക രംഗം അമ്പേ തകര്‍ന്നടിഞ്ഞപ്പോള്‍ ഇസ്‌ലാമിക്‌ ഫൈനാന്‍സുകളുടെ മികച്ച പ്രവര്‍ത്തനം ലോക ശ്രദ്ധ പിടിച്ചുപറ്റി. പാശ്ചത്യര്‍ പോലും ഇസ്‌ലാമിക ബാങ്കിങ്ങിനെ ഇരുകയ്യോടെ സ്വീകരിച്ചു തുടങ്ങി.

ആധുനിക കാലത്ത്‌ സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നത്‌ ബാങ്കുകളാണ്‌. ഇവിടെയാണ്‌ ഇസ്‌ലാമിക ബാങ്കിങ്ങിണ്റ്റെ പ്രാധാന്യവും.ഇസ്‌ലാമിക നിയമങ്ങളെ മാത്രം അടിസ്ഥാനമാക്കി (ശരീഅത്ത്‌) മുന്നോട്ട്‌ പോകുന്നതാണ്‌ ഇസ്‌ലാമിക്‌ ബാങ്കിങ്ങും ഇസ്‌ലാമിക്‌ ഫൈനാന്‍സും. ആഗോള സാമ്പത്തിക പ്രധിസന്ധിയുടെ കാരണമായി വിലയിരുത്തപ്പെടുന്ന പലിശ, ആര്‍ത്തി, ഊഹക്കച്ചവടം, കടം വില്‍പന തുടങ്ങിയവക്കെല്ലാം ഇസ്‌ലാം വ്യക്തമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഇസ്‌ലാമിക്‌ ബാങ്കിങ്ങിനെ മറ്റ്‌ ആധുനിക മുതലാളിത്ത ബാങ്കിങ്ങില്‍ നിന്ന്‌ വേര്‍തിരിച്ചെടുക്കുന്നത്‌ പലിശ എന്ന സമൂഹ തിന്‍മ ഇല്ല എന്നുള്ളത്‌ കൊണ്ടാണ്‌. പലിശാധിഷ്ഠിത ബാങ്കുകള്‍ ധനികരുടെ സംരംഭങ്ങള്‍ക്ക്‌ മാത്രമുള്ള സംവിധാനമായി പ്രവര്‍ത്തിക്കുമ്പോള്‍ ഇസ്‌ലാമിക ബാങ്കുകള്‍ സധാരണക്കാര്‍ക്ക്‌ പ്രാപ്യമായ ബങ്കിംഗ്‌ രീതിയാണ്‌ കാഴ്ച വെക്കുന്നത്‌. അതായത്‌ പലിശാധിഷ്ഠിത ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്‌ ഇടപാടുകാരണ്റ്റെ തിരിച്ചടവിനുള്ള ഉറപ്പ്‌ ജാമ്യവസ്തു മാത്രം പരിഗണിച്ചാണ്‌. എന്നാല്‍ ഇസ്‌ലാമിക്‌ ഫൈനാന്‍സില്‍ "മുറാബഹ , ഇജാറ " എന്നീ രീതികളിലൂടെ ജാമ്യവസ്തു ഇല്ലെങ്കിലും തിരിച്ചടക്കാന്‍ ശേഷിയുള്ളവന്‌ പണം ലഭിക്കാന്‍ സംവിധാനം ഉണ്ട്‌. ലാഭ-നഷ്ട പങ്കാളിത്ത രീതിയാണ്‌ ഇസ്‌ലാമിക ബാങ്കുകള്‍ സ്വീകരിച്ചു വരുന്നത്‌. അതായത്‌ സംരംഭകന്‌ പലിശാധിഷ്ഠിത ബാങ്കുകളില്‍ നിശ്ചിത ശതമാനം പലിശ മാത്രം ലഭിക്കുന്നു.എന്നാല്‍ ഇസ്‌ലാമിക ബാങ്കിങ്ങില്‍ ലാഭ വര്‍ദ്ധനവിനനുസരിച്ച്‌ ധന ദാതാവിനും അതിണ്റ്റെ ഗുണം ലഭിക്കുന്നു.സംരംഭകത്വത്തില്‍ പങ്കാളിത്തം വഹിക്കാത്തവര്‍ക്ക്‌ പലിശ രഹിത കടങ്ങള്‍ (ഖര്‍ദ്‌ ഹസന്‍) നല്‍കാനുള്ള വകുപ്പും ഇസ്‌ലാമിക്‌ ബാങ്കിലുണ്ട്‌. ഇസ്‌ലാമിക ബാങ്കിങ്ങിണ്റ്റെ മറ്റൊരു സവിശേഷത മറ്റ്‌ ബാങ്കുകളെപ്പോലെ കടം സമയബന്ധിതമായി (കൂട്ട്‌ പലിശ , പിഴപ്പലിശ) വര്‍ദ്ധിക്കുന്നില്ല എന്നുള്ളതാണ്‌.

ചുരുക്കത്തില്‍ ആധുനിക സമ്പദ്ക്രമത്തിണ്റ്റെ മൌലികമായ ദൌര്‍ബല്യങ്ങള്‍ പിഴുതെറിയുന്ന ഫൈനാന്‍സ്‌ രീതികളാണ്‌ ഇസ്‌ലാമിക സമ്പദ്ക്രമം പിന്തുടരുന്നത്‌. ഇനി പുതിയ ലോകത്ത്‌ ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ ശക്തിയായി പടര്‍ന്ന്‌ പന്തലിക്കുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കം....